കൽപ്പറ്റ: ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരേയുള്ള ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, വയോജന കൗണ്‍സിൽ, എൻഎസ്എസ്, എൻസിസി, എസ്പിസി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വയോജന സംരക്ഷണ ബോധവത്കരണ റാലി കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ജില്ലാതല വയോജന കമ്മിറ്റി അംഗങ്ങളായ സി.കെ. ഉണ്ണികൃഷ്ണൻ, പി.പി. അനിത, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇൻചാർജ് കെ.കെ. പ്രജിത്ത്, ജില്ലാ പ്രൊബേഷൻ ഓഫീസർ കെ. മുഹമ്മദ് ജാബിർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ആരോഗ്യകരവും സജീവവുമായ വാർധക്യം എന്ന വിഷയത്തിൽ ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. സുഷമ ക്ലാസ് നയിച്ചു. വയോജനാരോഗ്യം ഹോമിയോപ്പതിയിലൂടെ എന്ന വിഷയത്തിൽ കോട്ടത്തറ ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. പ്രേം കുമാറും ആയുർവേദ സംബന്ധമായ വിഷയങ്ങളിൽ ആയുഷ് മെഡിക്കൽ ഓഫീസർ ഡോ. ബിജുല ബാലകൃഷ്ണനും ക്ലാസുകൾക്ക് നേതൃത്വം നൽകി.
വയോജനങ്ങൾക്കായുള്ള സേവനങ്ങളും ക്ഷേമ പദ്ധതികളും സംബന്ധിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ക്ലാസെടുത്തു. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി പാനൽ അഭിഭാഷകൻ ടി.ജെ. ടിക്സണ്‍ പ്രസംഗിച്ചു.
കൽപ്പറ്റ: എല്ലാവർഷവും ഡബ്ല്യുഎച്ച്ഒ ആഗോളതലത്തിൽ ജൂണ്‍ 15ന് ആചരിച്ചു വരുന്ന വയോജന അതിക്രമ വിരുദ്ധദിനം വയോജനങ്ങളുടെ അവകാശ സംരക്ഷണ ദിനമായി സീനിയർ സിറ്റിസണ്‍ സംസ്ഥാന കൗണ്‍സിൽ ആചരിച്ചു.
വയോജനങ്ങളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുവാൻ ജില്ലാ ഭരണകൂടം തയാറാകുകയും സത്വര നടപടികൾ സ്വീകരിക്കുകയും ചെയ്യണം. ശാരീരിക, മാനസിക സാന്പത്തിക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുക, സ്വന്തക്കാരിൽ നിന്നും അവഗണനയും പീഡനങ്ങളും ഉണ്ടാകുന്പോൾ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോടും ഡോക്ടറോടും തുറന്നു പറയുവാനുള്ള ധൈര്യം കൊടുക്കുക, സാമൂഹ്യനീതി വകുപ്പ് എല്ലാ മാസവും ആഴ്ചയിലൊരിക്കൽ പഞ്ചായത്തുതല ഗൃഹസന്ദർശനം നടത്തി വയോജനങ്ങൾ നേരിടുന്ന കഷ്ടതകൾ പഠിച്ച് ആവശ്യമായ ആശ്വാസ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.വയോജന വകുപ്പ് രൂപീകരിച്ച സർക്കാരിനെ യോഗം അഭിനന്ദിച്ചു.
കൗണ്‍സിൽ ലീഗൽ അഡ്വൈസർ പി. അറുമുഖൻ ഉദ്ഘാടനം ചെയ്തു. ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പി.പി. വർക്കി, ഏച്ചോം ഗോപി, സി. അയ്യപ്പൻ, ഗോപാലൻ പുഴമുടി, കെ.ജി. രണരാജൻ, വി. മഹേഷ്, പ്രദീപ് കൊട്ടാരം തുടങ്ങിയവർ പ്രസംഗിച്ചു.